മാഡ്രിഡ്: ജനപ്രീതിക്കുവേണ്ടി സമൂഹത്തില്‍ ചേരിതിരിവും ധ്രുവീകരണവുമുണ്ടാക്കുന്ന അര്‍ഥശൂന്യമായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് ലോകനേതാക്കളോട് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം.
സമാധാനത്തിനായുള്ള ലോകത്തിന്റെ ആഴത്തിലുള്ള നിലവിളികള്‍ക്ക് ഭരണാധികാരികള്‍ കാതോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാഡ്രിഡിലെ രാജകൊട്ടാരത്തിൽ സ്വീകരണത്തിനുശേഷം ഫിലിപ്പ് ആറാമൻ രാജാവിന്റെ സാന്നിധ്യത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തിയും ധ്രുവീകരണ ചിന്തകള്‍ വളര്‍ത്തിയും എളുപ്പത്തില്‍ ജനപ്രീതി നേടാനുള്ള പ്രവണതകള്‍ ഇക്കാലത്ത് വര്‍ധിച്ചുവരികയാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
പരസ്പര ഏറ്റുമുട്ടലുകളല്ല, മറിച്ച് ഒത്തുചേരലിന്റെ സംസ്കാരമാണു രാജ്യങ്ങളില്‍ സ്ഥിരതയും അഭിവൃദ്ധിയും കൊണ്ടുവരുന്നത്. മനുഷ്യരില്‍ മുന്‍വിധികളെ തീവ്രമാക്കുന്നതിനും ക്രിയാത്മകമായ ചിന്താശേഷിയെ ദുര്‍ബലപ്പെടുത്തുന്നതിനും സാങ്കേതികവിദ്യകള്‍ ഒരു പരിധിവരെ കാരണമാകുന്നുണ്ടെന്ന് മാര്‍പാപ്പ നിരീക്ഷിച്ചു.
കൊട്ടാരത്തിലെ ആചാരപരമായ സ്വീകരണത്തിനും കൂടിക്കാഴ്ചകൾക്കുംശേഷം നഗരത്തിലെ സലോൺ ദെ കോലുംനാസിൽ രാജ്യത്തെ ഔദ്യോഗിക നേതൃത്വം, പൗരപ്രതിനിധികൾ, വ്യവസായികൾ, നയതന്ത്രജ്ഞർ എന്നിവരെ മാർപാപ്പ അഭിസംബോധന ചെയ്തു.
സ്പെയിനിന്റെ നാനാത്വമെന്ന സവിശേഷതയെ അഭിനന്ദിച്ച മാർപാപ്പ, ക്രൈസ്തവവിശ്വാസം ഇവിടുത്തെ ജനത്തിന്റെ വ്യക്തിത്വവും സംസ്കാരവും രൂപീകരിക്കുന്നതിൽ വഹിച്ച പങ്കിനെക്കുറിച്ചു വിശദീകരിച്ചു. ജീവിതത്തെ സ്നേഹിക്കുകയും അതു പ്രകടമാക്കുകയും ചെയ്യുന്ന ഒരു ജനമാണിതെന്നും പറഞ്ഞു.
സ്പെയിനിലെ സഭാജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി അതിനെ വളർത്തുന്ന കുരിശിന്റെ വിശുദ്ധ യോഹന്നാൻ, ആവിലയിലെ വിശുദ്ധ അമ്മത്രേസ്യ എന്നിവരെ മാർപാപ്പ പ്രത്യേകം പരാമർശിച്ചു.